BATTEN BOSE
അപസർപ്പക കഥകളിലൂടെയും ക്രൈം നോവലുകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബാറ്റൻ ബോസ് എന്ന തൂലികാ നാമത്തിലറിയപ്പെട്ടിരുന്ന കൊച്ചുകുന്നേൽ മത്തായി ചാക്കോ എന്ന കെ. എം. ചാക്കോ. കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മിക്ക ജനപ്രിയ വാരികകളിലും അദ്ദേഹത്തിന്റെ നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 200 ലേറെ നോവലുകളെഴുതിയ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട നോവലുകൾ റെയ്ഞ്ചർ, കൊള്ളിയാൻ, വാറണ്ട്, കറുത്ത നീരാളി, കാസിനോ തുടങ്ങിയവയാണ്. 'ബ്ലാക്ക് ബെൽറ്റ് " എന്ന നോവൽ 1985ൽ രാജസേനൻ സംവിധാനത്തിൽ ശാന്തം ഭീകരം എന്ന പേരിലും 'റെയ്ഞ്ചർ" 1999ൽ ക്യാപ്റ്റൻ എന്ന പേരിലും സിനിമയായി. ജഗദീഷ് നായകനായി അഭിനയിച്ച് താഹ സംവിധാനം ചെയ്ത ഹാസ്യരസപ്രധാനമായ ഗജരാജമന്ത്രം, ബ്രഹ്മാസ്ത്രം, കളിയോടം, ത്രിൽ എന്നീ സിനിമകൾക്കായി കഥയെഴുതി. ഞായറും തിങ്കളും എന്ന കുടുംബകഥയും ധാരാളം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.