KUNJAMAN M
എം. കുഞ്ഞാമന്
പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിന് ജനനം. പിതാവ്: മണ്ണിയമ്പത്തൂര്‍ അയ്യപ്പൻ, മാതാവ്: ചെറോണ. വാടാനംകുറിശ്ശി എല്‍.പി. സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ വരെ പാലക്കാട് വിക്ടോറിയ കോളജില്‍. 1974-ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാംറാങ്കോടെ എം.എ. പാസായി, രാഷ്ട്രപതിയായിരുന്ന കെ.ആര്. നാരായണനുശേഷം ഒന്നാം റാങ്ക് ലഭിച്ച ആദ്യ ദലിത് വിദ്യാര്‍ത്ഥി. തുടര്‍ന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഡോ. കെ.എന്‍. രാജിനുകീഴില് ഗവേഷണം. വിഷയം: 'കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെക്കുറിച്ചുള്ള താരതമ്യപഠനം.' ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ച് "കുസാറ്റി'ല്‍നിന്ന് പിഎച്ച്.ഡി. 1979-ല്‍ കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ ലക്ചറര്‍. 2006 വരെ, 27 വര്‍ഷം കാര്യവട്ടം കാമ്പസില്‍ അധ്യാപകന്. ഇതിനിടെ, ഒന്നര വര്‍ഷത്തോളം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അംഗമായി സേവനമനുഷ്ഠിച്ചു. പ്രൊഫസറായിരിക്കേ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ച് 2006-ല്‍ മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസറായി ചേര്‍ന്നു. റിട്ടയര്‍മെന്റിനുശേഷവും നാലുവര്‍ഷംകൂടി അവിടെ തുടര്‍ന്നു. Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിലെ വികസനപ്രതിസന്ധി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു.