കെ.ആർ. മീര കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ കെ.എൻ. രാമചന്ദ്രൻ പിള്ളയുടെയും എ.ജി. അമൃതകുമാരിയുടെയും മകളായി 1970-ൽ ജനനം. കേരള സർവ്വകലാശാലയിൽനിന്നു ബിരുദവും തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ(ഡീംഡ് യൂണിവേഴ്സിറ്റി)നിന്നു ബിരുദാനന്തരബിരുദവും നേടി. 1993-ൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ചേർന്നു. 2006-ൽ ചീഫ് സബ് എഡിറ്ററായിരിക്കെ ജോലി രാജിവച്ചു. പത്രപ്രവർത്തനത്തിൽ മികച്ച അന്വേഷണാത്മക റിപ്പോർട്ടിങ്ങിനുള്ള ദേശീയതല അവാർഡുകളായ പി യു സി എൽ, ദീപാലയ ചൈൽഡ് ലൈഫ് അവാർഡ് എന്നിവയും സംസ്ഥാന പ്രസ്സ് അക്കാദമിയുടെ ചൊവ്വര പരമേശ്വരൻ അവാർഡും ലഭിച്ചിട്ടുണ്ട്. 2002-ൽ ആദ്യ ചെറുകഥാ സമാഹാരമായ ഓർമ്മയുടെ ഞരമ്പ് പ്രസിദ്ധീകരിച്ചു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. ആവേ മരിയ എന്ന ചെറുകഥാ സമാഹാരത്തിന് മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡും ആരാച്ചാർ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, നൂറനാട് ഹനീഫ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അങ്കണം അവാർഡ്, യുവഎഴുത്തുകാരികൾക്കുള്ള ലളിതാംബിക അന്തർജനം സ്മാരക അവാർഡ്, തോപ്പിൽ രവി സ്മാരക അവാർഡ്, പി. പത്മരാജൻ സ്മാരക അവാർഡ്, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ്, ഇ വി കൃഷ്ണപിള്ള സ്മാരക പിറവി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കഥകളും നോവലുകളും പല ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.