Benyamin
ബെന്യാമിൻ
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. "യുത്തനേസിയ' എന്ന ആദ്യ കഥാസമാഹാരം അബുദാബി മലയാളി സമാജം പ്രവാസി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹമായി. "ആഡിസ് അബാബ' എന്ന ചെറുകഥ 2008-ലെ കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്കാരവും "ആടുജീവിതം' എന്ന നോവൽ അബുദാബി ശക്തി അവാർഡ് (2008), കേരളസാഹിത്യ അക്കാദമി അവാർഡ് (2009), നോർക്ക റൂട്സ് പ്രവാസി അവാർഡ് (2010), പത്മപ്രഭാ സാഹിത്യ പുരസ്കാരം (2014), കണ്ണശ്ശ പുരസ്കാരം (2016), ഇ.വി. കൃഷ്ണപിള്ള പുരസ്കാരം (2018), മുട്ടത്തുവർക്കി സാഹിത്യ അവാർഡ് (2019) എന്നിവയും നേടി. "മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ 2014-ലെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം നേടി. പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനായി തിരഞ്ഞെടുത്തു. "ആടുജീവിതം' ഇംഗ്ലിഷ്, അറബിക്, തായ്, നേപ്പാളി, തമിഴ്, കന്നട, മറാത്തി, ഒഡിയ എന്നീ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി. "ഗോട്ട് ഡേയ്സ്' 2012-ലെ മാൻ ഏഷ്യൻ ലിറ്റററി പ്രൈസിന്റെ ലോങ് ലിസ്റ്റിലും സൗത്ത് ഏഷ്യൻ ലിറ്ററേച്ചറിന്റെ 2013-ലെ ഡി.എസ്.സി. പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടു. "മുല്ലപ്പൂനിറമുള്ള പകലുകളു'ടെ പരിഭാഷയായ "ജാസ്മിൻ ഡേയ്സ് ' 2018-ലെ ജെ സി ബി സാഹിത്യ അവാർഡ്, ക്രോസ് വേഡ് ബുക്ക് അവാർഡ് എന്നിവ നേടി. 2021-ലെ വയലാർ അവാർഡ് "മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ'ക്കു ലഭിച്ചു.