LALITHAMBIKA ANTHARJANAM
ലളിതാംബിക അന്തർജനം (1909–1987)
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്ത് കോട്ടവട്ടത്ത് 1909 മാർച്ച് 30–ന് ജനിച്ചു. അച്ഛൻ: ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന കോട്ടവട്ടത്ത് ഇല്ലത്ത് കെ. ദാമോദരൻപോറ്റി. അമ്മ: നങ്ങയ്യ അന്തർജനം. വീട്ടിലിരുന്ന് ഗുരുക്കന്മാരുടെ അടുത്തുനിന്ന് സംസ്കൃതവും മലയാളവും പഠിച്ചു. ഇംഗ്ലിഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. ആദ്യത്തെ ചെറുകഥ "മലയാളരാജ്യ'ത്തിൽ പ്രസിദ്ധപ്പെടുത്തിയ യാത്രാവസാനം. 1927–ൽ മീനച്ചിൽ താലൂക്കിൽ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരി വിവാഹം കഴിച്ചു. പ്രശസ്ത കഥാകൃത്ത് പരേതനായ എൻ. മോഹനൻ ഉൾപ്പെടെ ഏഴു മക്കൾ. തിരുവിതാംകൂർ ഭാഗത്ത് നമ്പൂതിരിസമുദായത്തിൽ നടന്ന പരിഷ്കരണപരിപാടികളിൽ ആദ്യകാലത്ത് അന്തർജനം പങ്കെടുത്തിരുന്നു. 1973–ൽ കേരളസാഹിത്യ അക്കാദമി അവാർഡ് (സീത മുതൽ സത്യവതി വരെ) ലഭിച്ചു. അഗ്നിസാക്ഷി എന്ന ഏക നോവലിന് 1977–ലെ കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ സമ്മാനം, ആദ്യത്തെ വയലാർ അവാർഡ്. 1987 ഫെബ്രുവരി 6–ന് അന്തരിച്ചു.